

തിരുവനന്തപുരം : കാപ്പ കേസില്‍ ജയിലില്‍ കിടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് അനുകൂലമായ ഉദ്യോഗസ്ഥ നടപടിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തല്‍.
ആഭ്യന്തര-തദ്ദേശ വകുപ്പുകളിലെ ഒന്നിലധികം ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായതായാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. തദ്ദേശ വകുപ്പിന്റെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
മന്ത്രിയുടെ നിര്‍ദേശം ലംഘിച്ച തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമക്കെതിരെ നടപടി ഉണ്ടായേക്കും.
കൗണ്‍സില്‍ അവധി അപേക്ഷ പാസാക്കിയാല്‍ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഗതന് നല്കിയ അവധി അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. തുടര്‍ന്ന് ജൂലൈ 18ന് ചിത്ര പി. അരുണിമ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അവധിക്ക് അനുമതി നല്‍കിയത്.
ആഭ്യന്തര അണ്ടര്‍ സെക്രട്ടറിയുടെ അനുമതി കത്ത് ചൂണ്ടിക്കാട്ടിയാണ് മേയര്‍ വി.വി രാജേഷ്, സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയര്‍ക്ക് തീരുമാനിക്കാമെന്നും അറിയിച്ചത്.
തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സുഗതന്റെ അവധി അപേക്ഷ മേയറുടെ കാസ്റ്റിങ് വോട്ടോടെ പാസാക്കുകയും ചെയ്തു. 51 പേരാണ് അപേക്ഷയെ പിന്തുണച്ചത്. യുഡിഎഫ് വിമത കൗണ്‍സിലറും അപേക്ഷയെ പിന്തുണച്ചിരുന്നു.
കാപ്പ കേസ് പ്രതിയായ സുഗതന് നിലവില്‍ വിയ്യൂര്‍ ജയിലിലാണ്. തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ സുഗതന്റെ അംഗത്വത്തിന് അയോഗ്യത വരും. ഇത് മറികടക്കാനാണ് ഭരണപക്ഷം അവധി നീക്കവുമായി മുന്നോട്ടുപോയത്.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്കോര്‍ട്ട് പരോള്‍ വേണമെന്ന സുഗതന്റെ ആവശ്യം നേരത്തെ ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു.