


അമരാവതി : ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച സ്ഥിരീകരിച്ച കണക്കുകൾ കൂടിയായതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 49 ആയി ഉയർന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നേരത്തെ രോഗബാധ വ്യാപകമായപ്പോൾ നാല് പേർ മരണപ്പെട്ടിരുന്നു.
കിഴക്ക് ഗോദാവരി ജില്ലയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഗോദാവരിയിൽ 11 കേസുകളും ഗുണ്ടൂരിൽ ഒമ്പത്, വൈഎസ്ആർ കഡപ്പയിൽ എട്ട്, വിശാഖപട്ടണത്ത് അഞ്ച്, എൻടിആറിൽ മൂന്ന് എന്നിങ്ങനെയാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. മറ്റ് ജില്ലകളിലും രോഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട്.
‘ശനിയാഴ്ച മാത്രം സംസ്ഥാനത്ത് പത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധയുടെ ഏറ്റവും ഒടുവിലത്തെ സ്ഥിരീകരണത്തോടെ ആകെ രോഗികളുടെ എണ്ണം 49 ആയി ഉയർന്നിരിക്കുകയാണ്. ഈസ്റ്റ് ഗോദാവരിയിലാണ് കൂടുതൽ കേസുകൾ’. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ 24 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. 16 രോഗികൾ സുഖം പ്രാപിച്ച് വരുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. അതേസമയം, നിലവിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
മുതിർന്നവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. വകഭേതമേതെന്ന് കണ്ടെത്തുന്നതിനായി നടത്തിയ ജനിതക ശ്രേണീകരണത്തിൽ ഒമിക്രോൺ ആർഎഫ് 5ന്റെ സാന്നിധ്യം കണ്ടതായി വിവിധ ദേശീയമാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രോഗത്തെ പ്രതിരോധിക്കാൻ മതിയായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ സാമഗ്രികളുടെ ലഭ്യതയിൽ ആശങ്കയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.