


തിരുവനന്തപുരം : പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് സർക്കാരിന്റെ പൊതുകടമെടുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച യുഡിഎഫ്, അധികാരത്തിലെത്തിയിട്ടും കടമെടുപ്പിൽ കുറവ് വരുത്തിയില്ല. ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് സർക്കാർ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത്. പത്ത് വർഷത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. അധികാരമേറ്റ ശേഷം പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും ഈ ആശങ്ക പ്രകടമാക്കിയിരുന്നു. എന്നാൽ, പ്രായോഗിക തലത്തിൽ അതേ കടമെടുപ്പ് രീതി തന്നെയാണ് സർക്കാരും പിന്തുടരുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അഞ്ച് തവണകളായി 10,400 കോടി; അനുവദിച്ച പരിധിയുടെ പകുതിയോളം കഴിഞ്ഞു
മേയ് 26-നാണ് പുതിയ സർക്കാർ ആദ്യമായി പൊതുവിപണിയിൽ നിന്ന് കടമെടുത്തത്. തുടർന്ന് ജൂലൈ 21-ന് എടുത്ത 2,200 കോടി രൂപ ഉൾപ്പെടെ അഞ്ച് തവണകളായാണ് മൊത്തം 10,400 കോടി രൂപ സംസ്ഥാനം വായ്പയെടുത്തത്.
നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാവുന്ന ആകെ പരിധി 23,000 കോടി രൂപയാണ്. അതായത്, ഡിസംബർ വരെയുള്ള കാലയളവിലേക്ക് കേന്ദ്രം അനുവദിച്ച തുകയുടെ പകുതിയോളം കേവലം രണ്ട് മാസം കൊണ്ട് സർക്കാർ വായ്പയെടുത്തു കഴിഞ്ഞു.
ക്ഷേമപദ്ധതികളും ഓണക്കാല ചെലവുകളും; കടമെടുപ്പ് ഇനിയും ഉയർന്നേക്കും
സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തുടർച്ചയായി കടമെടുക്കുന്നതെന്നാണ് പറയപ്പെടുന്നത്. പ്രിയദർശിനി സൗജന്യ ബസ് യാത്ര ഉൾപ്പെടെ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയത് സർക്കാരിന്റെ ദൈനംദി ചെലവുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഓണം പ്രമാണിച്ചുള്ള ബോണസ്, ക്ഷേമ പെൻഷനുകൾ, മറ്റ് ഉത്സവകാല ചെലവുകൾ എന്നിവയ്ക്കായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ കടമെടുപ്പിൻറെ ഗ്രാഫ് ഇനിയും ഉയരാനാണ് സാധ്യത.