


കൊച്ചി : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുട്ടം കളപ്പുരയിൽ രമ്യ ജെ കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി. കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് മാത്യു എന്നിവർക്ക് വേണ്ടി തന്റെ സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്പെക്ടറും രണ്ടാം പ്രതിയായ ഏജന്റ് ബിബിയും ചേർന്ന് തന്നെയും ഭർത്താവിനെയും പോക്സോ കേസിൽ പ്രതിയാക്കി എന്നാണ് രമ്യയുടെ പരാതി.
എഫ്ഐആർ. രജിസ്റ്റർ ചെയ്ത ശേഷം 3.5 ലക്ഷം ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിക്കാർ ആരോപിച്ചു. പരാതിയിന്മേൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇടുക്കി വിജിലൻസ് യൂണിറ്റിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.