


കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ എംപി ഓഫീസ് അധികൃതര്‍ തകര്‍ത്തു. അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് ഓഫീസ് തകര്‍ത്തത്.
അംതാല-ബറൂയിപൂര്‍ റോഡിലെ ഓഫീസ് അനുമതിയില്ലാതെ നിര്‍മിച്ചതാണെന്ന് ആരോപിച്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഓഫീസ് പൊളിച്ചത്. വന്‍തോതില്‍ പൊലീസ് ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ച ശേഷമായിരുന്നു ഓഫീസ് പൊളിക്കല്‍.
അതിനിടെ, കൊല്‍ക്കത്തയില്‍ മുനിസിപ്പല്‍ കോര്പറേഷന് അഭിഷേക് ബാനര്‍ജിയുമായും കുടുംബവുമായും അഭിഷേകിന്റെ കമ്പനിയുമായും ബന്ധപ്പെട്ട 17 കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്നാണ് നോട്ടീസ്. ഹാരിഷ് മുഖര്ജീ റോഡിലെ അഭിഷേകിന്റെ വസതിയായ ശാന്തിനികേതനും പൊളിക്കല്‍ നോട്ടീസ് ലഭിച്ചവയിലുള്പ്പെടും. കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് വിശദമായ അറിയിപ്പ് നല്‍കണമെന്നും നോട്ടീസിന് മറുപടി നല്കാന് സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അഭിഷേക്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പറേഷന് തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കവേയാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഡയമണ്ട് ഹാര്‍ബര്‍ എംപി കൂടിയായ അഭിഷേക് ബാനര്‍ജിയുമായി ബന്ധമുള്ളതെന്ന് അവകാശപ്പെട്ട് 43 കെട്ടിടങ്ങളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. അഭിഷേകിന്റെയും അടുത്ത അനുയായികളുടേതുമായി സംയുക്ത ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന കെട്ടിടങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്വത്ത് രേഖകളില്‍ നിന്നാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് ബിജെപി അവകാശപ്പെട്ടു.
എന്നാല്‍, ഈ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി സാകേത് ഗോഖലെ തള്ളി. കെഎംസിയുടെ ഡാറ്റാബേസില്‍ ‘അഭിഷേക് ബാനര്‍ജി’ എന്ന പേരുള്ള ഒന്നിലധികം ആളുകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലുള്ള എല്ലാ സ്വത്തുക്കളും തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടേതാണെന്ന് അതിലൂടെ തെളിയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊളിച്ചുനീക്കല്‍ നടപടിയെക്കുറിച്ച് ഇതുവരെ അഭിഷേക് ബാനര്‍ജിയോ തൃണമൂല്‍ കോണ്‍ഗ്രസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.