


ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിന് പിന്നാലെ വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവിടെ നിന്നും മാറ്റിയ സോനം വാങ്ചുക്കിനെ നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് ക്രാക്ക്ഡൗണിന് പിന്നാലെയാണ് അടിയന്തര സമര പ്രഖ്യാപനവുമായി സിജെപി രംഗത്തെത്തിയത്. “അഭിജീത് ദിപ്കെ ഇപ്പോൾ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. ജൂലൈ 20 തിങ്കളാഴ്ച നടക്കാനിരിക്കുന്ന ‘ചലോ സൻസദ്’ (പാർലമെന്റ് മാർച്ച്) മാർച്ചിൽ യാതൊരു മാറ്റവുമില്ല, അത് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകും,” സി.ജെ.പി തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി.
താൻ അടിയന്തരമായി അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുകയാണെന്ന് അഭിജീത് ദിപ്കെയും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. സമാധാനപരമായി സമരം ചെയ്തിരുന്നവരെ ഡൽഹി പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനോട് സോനം യോജിച്ചിരുന്നില്ലെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടായിരുന്നു ഇതുവരെയുള്ള സമരമെന്നും പ്രധാനമന്ത്രി മോദിയുടെ രാജിയും ഇനി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.