


തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എൽഡിഎഫ് ‘വസ്തുതകളുടെ ധവളപത്രം’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു. എകെജി പഠനകേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പുസ്തകം ഏറ്റുവാങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ധവള പത്രത്തിൽ വസ്തുതാ വിരുദ്ധമായ പരാമർശങ്ങളാണ് കുത്തിനിറച്ചതെന്ന് പിണറായി വിജയൻ വിമർശിച്ചു.
ഇത് തുറന്നുകാട്ടാനാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയത്. സ്ഥിതിവിവര കണക്കുകൾ വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നുണ്ട്. 10 വര്‍ഷം നീണ്ട എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ ബാധ്യത ഉയർന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരിന്നത്. യുഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1.93 മടങ്ങാണ് വർദ്ധിച്ചത്. എന്നാൽ ആദ്യ എൽഡിഎഫ് ഭരണത്തിൽ 1.86 മടങ്ങായി കുറഞ്ഞു. പിന്നീടുള്ള അഞ്ചുവർഷം അത് 1.6 ആയി കുറഞ്ഞു. കണക്കുകൾ സംസ്ഥാന സർക്കാർ പൂർണ്ണമായി മറച്ചുവെക്കുകയാണ്. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.
കേരളത്തിൽ ധൂർത്താണെന്നും, കെടുകാര്യസ്ഥതയെന്നും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷത്തിൽ സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനം 5% ആയി വർദ്ധിപ്പിച്ചു. വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കിഫ്ബി കടം സംസ്ഥാന സർക്കാരിൻ്റെ കടമായി കാണുന്ന കേന്ദ്രത്തിൻ്റെ നയത്തിന് അനുകൂലമായ നടപടിയാണ് സർക്കാരിൻ്റേത്.സർക്കർ അവതരിപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ബജറ്റിൻ്റെ മുന്നോടിയാണ്. വാഗ്ദാനങ്ങളുടെ ലംഘനമാണ്. പല പ്രഖ്യാപനങ്ങളും തുടക്കത്തിൽ തന്നെ അട്ടിമറിച്ചു. അന്തർ സംസ്ഥാന നികുതി ചേർച്ചയെ പറ്റിപറയുന്നവർ ഇപ്പോൾ മിണ്ടുന്നില്ലെന്നും പിണറായി കൂട്ടിച്ചേത്തു.
പല മേഖലകളിലും പണം മുടങ്ങിക്കിടക്കുകയാണ്. പഞ്ചായത്തുകൾ വലിയ പ്രതിസന്ധിയിലാണ്. വളരെ ഗുരുതരമായ അവസ്ഥ ഉണ്ടാക്കി തീർക്കാനുള്ള ശ്രമമാണ്. സത്യസന്ധമായ കാര്യങ്ങൾ ചെയ്യാൻ ഇനിയെങ്കിലും സർക്കാരും അധികാരത്തിൽ വന്നവരും തയ്യാറാവണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.