

പാലക്കാട് : പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച് മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരില്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ 19, 20 ,22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍.
സദസിലിരുന്ന കുട്ടിയോട് എല്ലാവരും കേള്‍ക്കെയാണ് ‘നിനക്ക് അഡ്രസ് എഴുതാന്‍ അറിയില്ലേ’ എന്ന് വേദിയില്‍ നിന്ന് ജലീല്‍ വിളിച്ചുചോദിച്ചത്. ഹിന്ദിയില്‍ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീല്‍ വേദിയിലേക്ക് വിളിച്ചത്. ശേഷം ഹിന്ദിയില്‍ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികള്‍ തെറ്റ് എഴുതിയപ്പോഴാണ് ജലീല്‍ അപമാനിച്ചത്. വായനാശീലം വര്‍ധിപ്പിക്കണമെന്നും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അറിവ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാകണമെന്ന് ഉപദേശിക്കുകയും ചെയ്തു.
സംസം എന്നാല്‍ എന്താണ് അര്‍ഥം? പാത്തുമ്മയുടെ ആടില്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീല്‍ കുട്ടികളോട് ചോദിക്കുന്നുണ്ട്. കുട്ടികളെ വേദിയില്‍വെച്ച് ചെവിയില്‍ നുള്ളുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്, സംഭവം വിവാദമായതോടെ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അമീന് റാഷിദ് പറഞ്ഞു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അമീന് പറഞ്ഞു.
സംഭവത്തില്‍ കെടി ജലിലീനെതിരെ കേസ് എടുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്കി.