


ന്യൂഡൽഹി : നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് സെൻസർഷിപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ദിൽജിത്ത് ദൊസാഞ്ജ് നായകനായ ഹണി ടെഹ്റാൻ ചിത്രം ‘സത്ലജ്’ ചിത്രം വിവാദമായതോടെയാണ് നീക്കം. തിയെറ്ററിൽ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടിയിലെത്തുന്ന ചിത്രങ്ങൾക്കാണ് സെൻസർബോർഡിന്റെ അനുമതി നിർബന്ധമാക്കിയത്. ഇതിനായി ഐടി ആക്റ്റിൽ ഭേദഗതി കൊണ്ടുവരും.
തിയെറ്ററിന് പുറമേ ഒടിടികളിലടക്കം സിനിമകൾ യാതൊരു നിയന്ത്രണവുമില്ലാതെ സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കാനായാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്നതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സിഖ് മനുഷ്യാവകാശപ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതം പറയുന്ന സത്ലജ് പഞ്ചാബിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രം ഒടിടിയിലെത്തി രണ്ടാം നാൾ പിൻവലിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് കേന്ദ്ര നടപടി.
4 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2 തവണയാണ് പേരുമാറ്റി ചിത്രം പ്രദർശിപ്പിക്കുന്നത്. 2022-ൽ ഗല്ലുഘര എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. കൂട്ടക്കൊലയെ വിശേഷിപ്പിക്കാൻ സിഖുകാർ ഉപയോഗിക്കുന്ന വാക്കാണിത്. ചിത്രീകരണം പൂർത്തിയാക്കി നവംബറിൽ സെൻസർ ബോർഡിന് മുന്നിലെത്തിയ ചിത്രത്തിന് 21 കട്ടുകൾ നിർദേശിക്കുകയും പഞ്ചാബ് 95 എന്ന പേര് നിർദേശിക്കുകയും ചെയ്തു.
ഇതിനെതിരേ നിർമാതാക്കൾ കോടതിയെ സമീപിച്ചു. കോടതി ഹർജി റിവിഷൻ കമ്മിറ്റിക്ക് വിട്ടു. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 120 കട്ടുകളാണ് നിർദേശിച്ചത്. 4 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ചിത്രം സത്ലജ് എന്ന പുതിയ പേരിൽ സീ5 ൽ റിലീസ് ചെയ്യുകയായിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കെ അനുമതിയില്ലാതെ ചിത്രം റിലീസ് ചെയ്തെന്ന് കാട്ടിയാണ് നീക്കം ചെയ്തത്.