

ആലപ്പുഴ : വഞ്ചിപ്പാട്ടിന്റെ ഈരടികളുമായി ഓളപ്പരപ്പില്‍ ഓളം സൃഷ്ടിച്ച് കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം. ആചാരപ്പെരുമയുള്ള മൂലം വള്ളംകളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിമിര്‍പ്പിലാകും.
ഉച്ചയോടെയാണ് ചമ്പക്കുളത്തെ പമ്പയാറ്റില്‍ ചുണ്ടന് വള്ളങ്ങള്‍ ജലപ്പരപ്പില്‍ വിസ്മയം തീര്‍ക്കുക. ഓളപ്പരപ്പുകളെ കീറിമുറിച്ച് ജലപ്പരപ്പിലൂടെ ചുണ്ടന് വള്ളങ്ങള്‍ ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി കുതിക്കും. ഇത്തവണ ഏഴ് ചുണ്ടന് വള്ളങ്ങളാണ് രാജപ്രമുഖന്‍ ട്രോഫിക്കായി പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ചമ്പക്കുളം മഠത്തില്‍ നിന്നും വിഗ്രഹം കൊണ്ടുപോയതിന്റെ ഓര്‍മപ്പെടുത്തലാണ് മൂലം വള്ളംകളി.
ചമ്പക്കുളത്തും കുട്ടനാട്ടിലും കുമരകത്തും വിവിധ ജലാശയങ്ങളില്‍ തീവ്ര പരിശീലനം നേടിയ കരുത്തിലാണ് ക്ലബുകള്‍ ഇന്നിറങ്ങുന്നത്. നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കം കൂടിയാണ് മൂലം ജലോത്സവം. പ്രത്യേകം ക്യാമ്പുകള്‍ ഒരുക്കിയാണ് ബോട്ടു ക്ലബുകള്‍ തുഴച്ചില്‍ക്കാരെ സജ്ജരാക്കുന്നത്. വള്ളംകളി ദിനത്തില്‍ അവധി ആവശ്യവും പിന്നാലെ ഉണ്ടായ വിവാദങ്ങളെയും മറന്ന് വള്ളം കളി ആഘോഷമാക്കാന്‍ തന്നെയാണ് വള്ളംകളി പ്രേമികളുടെ തീരുമാനം.