


ന്യൂഡൽഹി : എസ്ഐആർ പ്രക്രിയയിലൂടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ടെലഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പാസ്പോർട്ടും കേന്ദ്ര സർക്കാർ തടഞ്ഞു. എസ്ഐആർ സമയത്ത് 2002ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റേയോ അന്തരിച്ച പിതാവിന്റേയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അനിവാര്യമായ നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നെങ്കിലും എസ്ഐആർ കണക്കിലെടുത്തുകൊണ്ട് കൊൽക്കത്ത പൊലീസ് പ്രതികൂല റിപ്പോർട്ട് നൽകുകയായിരുന്നു.
പാസ്പോർട്ട് തടഞ്ഞുവെച്ചതിന് പിന്നാലെ യുഎസിൽ വെച്ചുനടന്ന മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രാജഗോപാലിന് സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റിയതോടെ വോട്ടവകാശം മാത്രമല്ല തനിക്ക് നിഷേധിക്കപ്പെട്ടതെന്നും പാസ്പോർട്ട് പുതുക്കലും തടസപ്പെട്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ മാത്രം സംഭവിച്ച കഥയല്ലെന്നും, തങ്ങളുടെ പൗരത്വം തെളിയിക്കാൻ പാടുപെടുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
2026 മാർച്ചിലാണ് കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തത്. എസ്ഐആർ സമയത്ത് 2002-ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റേയോ അന്തരിച്ച പിതാവിന്റെയോ പേര് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് പേര് വെട്ടിക്കളഞ്ഞത്.
തന്റെ പിതാവ് തികഞ്ഞ ഗാന്ധിയനും, റിട്ടയേർഡ് പ്രഫസറും, കേരളത്തിലെ ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നെന്നും അദ്ദേഹം 2016ലാണ് അന്തരിച്ചതെന്നും രാജഗോപാൽ എഴുതി. വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എപ്പോഴും ജാഗ്രത പുലർത്തിയിരുന്ന പിതാവിന്റെ പേര് എങ്ങനെയാണ് പട്ടികയിൽ ഇല്ലാതെ പോയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, കൊൽക്കത്ത പൊലീസിന്റെ നടപടിക്കെതിരെ അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണ്.
എസ്ഐആറിന്റെ വൃത്തികെട്ട വിഷപ്പല്ല് വീണ്ടുമൊരിക്കൽ കൂടി പുറത്ത് വന്നെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചു. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന ഒറ്റക്കാരണത്താൽ രാജ്യത്തെ പ്രശസ്തനായ മാധ്യമപ്രവർത്തകന് പാസ്പോർട്ട് പുതുക്കാനാകുന്നില്ല. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങൾ വെച്ച് അധികാരത്തിലിരിക്കുന്നവർ കളിക്കുകയാണെന്നും ബേബി എക്സിൽ കുറിച്ചു.