

ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ- സിപിഐഎം പോര് രൂക്ഷം. സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയേയും പിണറായി വിജയനേയും വിമർശിച്ചാണ് ഡിഎംകെ മുഖപത്രമായ മുരശൊലിയിൽ ലേഖനം എഴുതിയിരിക്കുന്നത്. വിഴിഞ്ഞം പോർട്ട് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമൊപ്പം പിണറായി വിജയൻ നിൽക്കുന്ന ചിത്രമാണ് ലേഖനത്തിൽ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എൽഡിഎഫ് സർക്കാറിന്റെ നവകേരള രേഖയെ കുറിച്ച് ലേഖനത്തിൽ വിമർശനമുണ്ട്. സിപിഐഎമ്മിൻ്റെ സാമ്പത്തികനയം എന്താണെന്നും ലേഖനത്തിൽ ചോദിക്കുന്നു. പി.രാജീവിനെതിരേയും ലേഖനത്തിൽ വിമർശനമുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡിഎംകെ മുഖപത്രത്തിൽ സിപിഐഎം വിരുദ്ധ ലേഖനം വരുന്നത്.
അതേസമയം, ഡിഎംകെ മുഖപത്രത്തിലെ സിപിഐഎം വിരുദ്ധ ലേഖനത്തിനെതിരെ ടിവികെ രംഗത്തെത്തി. കരുണാനിധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നു എന്നാണ് മന്ത്രി രാജ്മോഹൻ പ്രതികരിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി ഷണ്മുഖത്തെ പോലെ ജീവിക്കാൻ ഡിഎംകെയ്ക്ക് കഴിയുമോ എന്നും രാജ്മോഹൻ ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിച്ച കോൺഗ്രസിനെ പിണറായി വിജയൻ വിമർശിക്കുന്നതിനിടെയാണ് പാർട്ടി മുഖപത്രത്തിലൂടെ സിപിഐഎമ്മിനെ ഡിഎംകെ കടന്നാക്രമിച്ചിരിക്കുന്നത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും സമാനമായ രീതിയിൽ സിപിഐഎമ്മിനെ ആക്രമിക്കുന്നതായിരുന്നു മുരശൊലിയിലെ ലേഖനങ്ങൾ. സിപിഐഎം നേതാവ് പി. ഷൺമുഖത്തിന്റെ നിലപാടുകൾ ദ്രാവിഡ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് മുരശൊലി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ലേഖനങ്ങൾ എഴുതിയിരുന്നത്. ഇതിൽ വിഖ്യാതമായ വച്ചാത്തി കേസ് പരാമർശിച്ചുകൊണ്ടായിരുന്നു ഡിഎംകെയുടെ പ്രധാന കടന്നാക്രമണം. വച്ചാത്തിയിലെ ആദിവാസി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പണ്ട് പോരാടിയ ഷൺമുഖം ഇന്ന് ടിവികെ സർക്കാരിന്റെ ഭാഗമാണ്. അന്ന് ഷൺമുഖത്തെ പരിഹസിക്കുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കെ.എ സെങ്കോട്ടയ്യൻ അതേ മന്ത്രിസഭയിൽ മന്ത്രിയാണെന്നും മുരശൊലി ഓർമ്മിപ്പിച്ചു.
ഡിഎംകെയുടെ ഈ വിമർശനത്തിന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സിപിഐഎം മറുപടി നൽകിയത്. ഒരു പടവലങ്ങയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങൾ ഒരിക്കലും ബിജെപി, ഡിഎംകെ, എഐഎഡിഎംകെ എന്നിവരുമായി ചേർന്ന് “നയമില്ലാത്ത രാഷ്ട്രീയം” കളിച്ചിട്ടില്ലെന്ന് സിപിഐഎം കുറിച്ചു. ഡിഎംകെയുടേത് ഇരട്ടത്താപ്പാണെന്നും ഉള്ളിലും പുറത്തും രണ്ട് നിലപാടുകളാണ് അവർ സ്വീകരിക്കുന്നതെന്നും സിപിഐഎം ആരോപിച്ചിരുന്നു.