


ന്യൂഡൽഹി : സംഘടനാ തലത്തിൽ വൻ അഴിച്ചു പണിക്ക് കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. എഐസിസി ഭാരവാഹികളിൽ മാറ്റം ഉണ്ടായേക്കും. കേരളം അടക്കം ഏതാനും സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രത്യേക ചുമതലയില്ലാതെ എഐസിസി ജനറൽ സെക്രട്ടറിയായി തുടരുന്ന പ്രിയങ്ക ഗാന്ധിക്ക് ചുമതല നിശ്ചയിച്ചേക്കും.
രാഹുൽഗാന്ധി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാകും പുനഃസംഘടനയിൽ അന്തിമ തീരുമാനം ഉണ്ടാകുക. കേരളത്തിന് പുറമെ, രാജസ്ഥാൻ പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ പുതിയ പിസിസി പ്രസിഡന്റുമാരെ നിയമിച്ചേക്കും. 2028 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, സച്ചിൻ പൈലറ്റ് രാജസ്ഥാൻ പിസിസി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുത്തേക്കും. പഞ്ചാബിൽ പാർട്ടിയുടെ തിരിച്ചു വരവ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളുണ്ടാകും.
നിരവധി സംസ്ഥാനങ്ങളിലെ പാർട്ടി ചുമതലക്കാരെയും മാറ്റി നിയമിച്ചേക്കും. അസമിന്റെ ചുമതലയുണ്ടായിരുന്ന ജിതേന്ദ്ര സിങ് തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ രാജിവച്ചിരുന്നു. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന ബി കെ ഹരിപ്രസാദിനെ കർണാടക പിസിസി അദ്യക്ഷനായി നിയമിച്ചു. തമിഴ്നാടിന്റെ ചുമതലയുണ്ടായിരുന്ന ഗിരീഷ് ചോദങ്കറെ ഗോവ പിസിസി അധ്യക്ഷനായും നിയമിച്ചിരുന്നു. ബിഹാർ, ജമ്മു കശ്മീർ, ജാർഖണ്ഡ്, ബംഗാൾ എന്നി സംസ്ഥാനങ്ങൾക്കും പുതിയ ചുമതലക്കാരനെത്തിയേക്കും. കേരളത്തിൽ പിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ്, പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമായത്.