

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. . ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകിയി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങും.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലടക്കം ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടി വരികയും ചെയ്തിരുന്നു നിയന്ത്രണങ്ങൾ മാറുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകൾ ഉൾപ്പെടെ വീണ്ടുമൊരു തുറക്കാനാകുമെന്നാണ് വ്യാപാരികളും സർക്കാരും പ്രതീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നും ആവശ്യത്തിന് എൽപിജി ശേഖരം കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യത്തിന് എൽപിജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയത്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം സിലിണ്ടറുകൾ ലഭ്യമായിത്തുടങ്ങുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
സിലിണ്ടർ വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും നിലവിൽ വിലയിൽ യാതൊരുവിധ കുറവും വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയതിനെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വലിയ തോതിൽ വില വർധിച്ചിരുന്നു. വരും ദിവസങ്ങളിൽ വിതരണം സുഗമമാകുന്നതിനൊപ്പം സിലിണ്ടറുകളുടെ വിലയും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.