


തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ നീക്കവുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് ഭരണ സമിതിയെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തും.
മുൻ ഭരണ സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഹൈക്കോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങൾ പറയുന്നത്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് 2025ൽ ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാൻ വേണ്ടി കൈമാറിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിൽ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. ദേവസ്വം ബോർഡ് സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയേക്കും.