

മീനങ്ങാടി : സംസ്ഥാനത്തെയാകെ പിടിച്ചുലച്ച പഴയ മരംമുറി വിവാദങ്ങൾക്ക് പിന്നാലെ വയനാട് മുട്ടിലിൽ വീണ്ടും ലക്ഷങ്ങൾ വിലമതിക്കുന്ന സംരക്ഷിത ഈട്ടിമരം അനധികൃതമായി മുറിച്ചുകടത്താൻ ശ്രമം. സംഭവത്തിൽ മുട്ടിൽ, കൽപ്പറ്റ സ്വദേശികളായ നാലംഗ സംഘത്തെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ. അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ ഇ.പി. റസാഖ് (39), കൽപ്പറ്റ കൈനാട്ടി അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല മൂവട്ടിക്കുന്ന് മണലുംപുറത്ത് വീട്ടിൽ രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പൊലീസ് സംഘം പിടികൂടിയത്.
മുട്ടിൽ നോർത്ത് വില്ലേജിലെ 644/6-2 സർവേ നമ്പറിൽ ഉൾപ്പെട്ട സ്വകാര്യ ഭൂമിയിൽ നിന്നുമാണ് സർക്കാർ പ്രത്യേകമായി നോട്ടീഫൈ ചെയ്തിട്ടുള്ള അതീവ വിലപിടിപ്പുള്ള വലിയ ഈട്ടിമരം പ്രതികൾ മുറിച്ചുമാറ്റിയത്. ഏകദേശം 70 അടിയോളം നീളമുള്ള മരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചത്.
മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെടുകയും മരം കൊണ്ടുപോകുന്നത് തടഞ്ഞ് വിവരം മീനങ്ങാടി പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലമുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പൊലീസ് സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.