

തിരുവനന്തപുരം : റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. വയനാട്, ഇടുക്കി ജില്ലകളുടെ സമഗ്ര വികസനത്തിന് ബജറ്റില്‍ പാക്കേജ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയായി കൂട്ടിയതായും വി ഡി സതീശന് അറിയിച്ചു.