


തിരുവനന്തപുരം : കെഎസ്ആർടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിലവിൽ അത്തരത്തിലൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര ആഗ്രഹിക്കാത്തവർ ഓർഡിനറി ബസുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പണം നൽകാൻ സ്ത്രീ യാത്രക്കാർ ആഗ്രഹിച്ചാലും വാങ്ങാനാകില്ല. കണ്ടക്ടർക്ക് അധിനുള്ള അധികാരമില്ല. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ലളിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യം അവർ പൂർണ്ണമായി അനുഭവിക്കട്ടെ. കെഎസ്ആർടിസി ബസിൽ കയറുമ്പോൾ ഒരു സ്ത്രീക്ക് പോലും താൻ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. ‘ഞാനൊരു സ്ത്രീയാണ്, ആ ഒരു പരിഗണന തന്നെ ഈ ആനുകൂല്യത്തിന് ധാരാളമാണ്’ എന്ന വിപ്ലവകരമായ നിലപാടിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്. മാധ്യമങ്ങൾ ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകിയത്. കഴിഞ്ഞ ദിവസം മാത്രം ഓർഡിനറി ബസുകളിൽ 11.84 ലക്ഷം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്. ഈ ഇനത്തിൽ ഒരു ദിവസത്തെ യാത്രാ സബ്സിഡിയായി 2.46 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടത്. കോർപ്പറേഷന്റെ തിരിച്ചടവുകളിൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നും അതിനായി കൃത്യമായ ധനസമാഹരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബസുകൾ സിറ്റി ഫാസ്റ്റാക്കിയെന്ന ആക്ഷേപം തള്ളി
ലാഭമുണ്ടാക്കാനായി ഓർഡിനറി ബസുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവയെ ഉയർന്ന നിരക്കുള്ള സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നുവെന്ന പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം മന്ത്രി തള്ളി. നിലവിൽ തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഒരൊറ്റ ഓർഡിനറി ബസുപോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. മറിച്ച് പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ എന്നീ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന സിറ്റി ഫാസ്റ്റ് ബസുകളെ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാർത്ഥം ഓർഡിനറി ബസുകളാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.
വനിതകൾക്ക് സൗജന്യമില്ലാത്ത സിറ്റി ഫാസ്റ്റ് ബസുകൾ ഏതൊക്കെയെന്ന് സാധാരണക്കാരായ യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് അവയിൽ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചത്. ബസ് മാറി കയറിയിട്ട് ആളുക ടിക്കറ്റിന്റെ പേരിൽ ജീവനക്കാരുമായി തർക്കമുണ്ടാകാനും കണ്ടക്ടർമാർക്ക് അത് വലിയ ബുദ്ധിമുട്ടാകാനും പാടില്ലാത്തതുകൊണ്ടാണ് ഈ മുൻകരുതൽ. സ്വകാര്യ ബസ് വ്യവസായവുമായി യാതൊരുവിധ യുദ്ധ പ്രഖ്യാപനത്തിനും സംസ്ഥാന സർക്കാർ തയ്യാറല്ലെന്നും കെഎസ്ആർടിസിയെ ജനകീയമാക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.