

തിരുവനന്തപുരം : മുൻ ഇടതുപക്ഷ സർക്കാർ നിർത്തിവെച്ച കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സർക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാട് പരസ്യമാക്കിയത്. മുൻ സർക്കാരിന്റെ കാലത്ത് പിഎംശ്രീ പദ്ധതിക്കായി കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നുവെന്നും അതുകൊണ്ട് പുതിയ സർക്കാരും അത് തുടരണമെന്നുമുള്ള വാദങ്ങൾ തികച്ചും കള്ളമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിഎം ശ്രീയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് തുക വാങ്ങുന്നത് പോയിട്ട്, സംസ്ഥാനത്തെ ഏതൊക്കെ സ്കൂളുകൾ ആണ് ഈ പദ്ധതിക്ക് കീഴിൽ വരേണ്ടത് എന്നതിനെക്കുറിച്ച് പോലും മുൻ ഇടതു സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. മറിച്ച് സമഗ്ര ശിക്ഷാ കേരളത്തിന് മുൻപ് ലഭിച്ച ഫണ്ടാകട്ടെ പിഎം ശ്രീയുമായി യാതൊരുവിധ ബന്ധവുമില്ലാത്തതും നിയമപരമായി സംസ്ഥാനത്തിന് സ്വാഭാവികമായി ലഭിക്കേണ്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരുകൾക്ക് തുടർച്ചയുണ്ടെന്നും അതുകൊണ്ട് മുൻ സർക്കാർ ചെയ്തത് നിലവിലുള്ള സർക്കാർ തുടരേണ്ടതുണ്ടെന്നും പറയുന്ന മുഖ്യമന്ത്രി, മുൻ സർക്കാർ ഈ പദ്ധതി നേരത്തെ തന്നെ പൂർണ്ണമായി നിർത്തിവെച്ചു കഴിഞ്ഞു എന്ന സത്യമാണ് ജനങ്ങളിൽ നിന്നും ഒളിപ്പിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് രണ്ട് പ്രധാന ഇളവുകൾ തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കണ്ടു. എത്ര വിദഗ്ദ്ധമായാണ് അദ്ദേഹം വസ്തുതകൾ മൂടിവെയ്ക്കുന്നതെന്ന് കണ്ട് താൻ അതിശയിച്ചുപോയതായി വി ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലെ പാഠ്യപദ്ധതി സംസ്ഥാനത്തിന് സ്വന്തമായി തയ്യാറാക്കാൻ ആകണം എന്ന ആവശ്യവും, പദ്ധതി നടപ്പാക്കുന്ന സ്കൂളുകളെ സംസ്ഥാനം നേരിട്ട് തിരഞ്ഞെടുക്കും എന്നതുമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്ന ഇളവുകൾ. എന്നാൽ ഈ രണ്ട് കാര്യങ്ങളും നിലവിലുള്ള പിഎം ശ്രീ വ്യവസ്ഥകളിൽ തന്നെ സാധ്യമാണെന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം
പോസ്റ്റ് പുറത്തുവന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്കിൽ ഉയർന്നുവന്നിട്ടുള്ളത്.
“പൊന്നു സഖാവേ ഈ ക്ലാസ് എടുപ്പ് അടിയന്തിരമായി നിർത്തിയിട്ട് കാര്യം മാത്രം പറയൂ, ഇതൊന്നും ആർക്കും കേൾക്കേണ്ടതില്ലെന്നും വായിക്കാൻ മെനക്കെടാൻ ജനങ്ങൾക്ക് സമയമില്ലെന്നും ഇലക്ഷൻ കഴിഞ്ഞപ്പോഴെങ്കിലും പാർട്ടി നേതൃത്വം മനസ്സിലാക്കണം” എന്നാണ് ഭൂരിഭാഗം പേരും കുറിക്കുന്നത്. ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ കൃത്യമായി ഒരു വാർത്താ സമ്മേളനം വിളിച്ച് പറയണമെന്നും ഡിജിറ്റൽ യുഗത്തിൽ ഇത്തരം വലിയ ലേഖന രൂപത്തിലുള്ള കുറിപ്പുകൾ ആരും വായിക്കാൻ പോകുന്നില്ലെന്നും വായനക്കാർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വർഷവും വെറും എഫ്.ബിയിൽ ഇരുന്ന് മാത്രമാണ് പാർട്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്നും ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും ഇപ്പോഴും അതേ അനാവശ്യ പണി തന്നെയാണ് തുടരുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുജനങ്ങൾ മുൻ മന്ത്രിക്കെതിരെ പ്രതികരിക്കുന്നത്.