

മുംബൈ : ശിവസേന ഉദ്ധവ് പക്ഷത്തുള്ള ആറ് എംപിമാർ പാർട്ടി വിടുമെന്ന് റിപ്പോർട്ട്. പാർട്ടി വിടുന്ന എംപിമാർ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നേക്കുമെന്നാണ് വിവരം. നാലു പേർ ഡൽഹിയിലെത്തിയിട്ടുണ്ട്. ഷിൻഡേയും ഡൽഹിയിലെത്തിയിട്ടുണ്ട്. എംപിമാർ സ്പീക്കർക്ക് കത്ത് നൽകിയേക്കും. ഓപ്പറേഷൻ ടൈഗർ എന്ന പേരിലാണ് ഏകനാഥ് ഷിൻഡേ വിഭാഗത്തിന്റെ നീക്കം. ജൂൺ19നുള്ളിൽ എംപിമാരെ പാർട്ടിയിലെത്തിക്കാനാണ് ഷിൻഡേ വിഭാഗത്തിന്റെ നീക്കം.
ശിവസേന ഉദ്ധവ് വിഭാഗത്തിന് ഒമ്പത് ലോക്സഭ എംപിമാരാണ് ഉള്ളതെന്നും അതിൽ ആറു പേർ പ്രത്യേക സംഘമായി ഡെപ്യൂട്ടി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ ശിവസേനയും ചേരുമെന്നാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഏകനാഥ് ഷിന്‍ഡേയുടെ മകൻ ശ്രീകാന്ത് ഷിന്‍ഡേ ശിവസേന ഉദ്ധവ് പക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. എംപിമാര്‍ സ്പീക്കറെ കാണുന്നതിന് മുന്‍പാണ് കൂടിക്കാഴ്ച. അതേസമയം ശിവസേന ഉദ്ധവ് പക്ഷ എംപിമാര്‍ക്ക് 15 കോടി ഓഫര്‍ ചെയ്തു എന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. പണം ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാന്‍ ബിജെപിയും ഏക്നാഥ് ഷിന്‍ഡെയും ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജയ് റാവത്ത് ഇന്ന് 9 മണിക്ക് മുംബൈയില്‍ മാധ്യമങ്ങളെ കാണും.
ഉദ്ധവ് വിഭാഗം എംപിമാർ കഴിഞ്ഞ ഒന്നരവർഷമായി ഷിൻഡേ വിഭാഗം ശിവസേനയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നാണ് വിവരം. കൃത്യസമയത്തിനായി ഇവർ കാത്തിരിക്കുകയായിരുന്നുവെന്നും മുതിർന്ന ഒരു ശിവസേന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
ആദ്യം പാർട്ടിവിടുന്ന ഉദ്ധവ് വിഭാഗം എംപിമാർ നേരെ ബിജെപിയിലേക്ക് ചേക്കേറാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപിയുടെ സീനിയർ നേതാക്കൾ ഈ നീക്കത്തെ എതിർക്കുകയും ശിവസേനയുടെ ഭാഗമാകാൻ ആവശ്യപ്പെടുകയുമായിരുന്നു. അതാണ് ഓപ്പറേഷൻ ടൈഗർ വൈകാൻ കാരണമായതെന്നാണ് പേര് വെളിപ്പെടുത്താൻ തയ്യാറാരാത്ത ബിജെപി നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പറയുന്നത്.