


ന്യൂഡൽഹി : വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വൻകിട ഉപയോക്താക്കൾ ഇനി മുതൽ തങ്ങളുടെ ഇന്ധന ആവശ്യങ്ങൾക്കായി പമ്പുകളെ ആശ്രയിക്കരുതെന്നും പകരം ബൾക്ക് സെയിൽ പോയിന്റുകളിൽ നിന്ന് നേരിട്ട് ഇന്ധനം കൈപ്പറ്റണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിട്ടു.
ജൂൺ 11-ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ‘മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ ഓർഡർ, 2026’ പ്രകാരമാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം നൽകാൻ പാടില്ല. പമ്പുകളിൽ നിന്ന് ഇന്ധനം നേരിട്ട് വാഹനങ്ങളിലേക്കോ ‘പെസോ’അംഗീകൃത കണ്ടെയ്നറുകളിലേക്കോ മാത്രമേ നൽകാൻ പാടുള്ളു. ഒരു ഉപഭോക്താവിന് അല്ലെങ്കിൽ ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ പമ്പുകളിൽ നിന്ന് നൽകാൻ പാടുള്ളു എന്നിങ്ങനെയാണ് നിയന്ത്രണങ്ങൾ.
പമ്പുകളിലെ പെട്രോൾ, ഡീസൽ നിരക്കുകളും വൻകിടക്കാർക്കുള്ള ബൾക്ക് വിലയും തമ്മിലുള്ള വലിയ വ്യത്യാസം കാരണം വ്യവസായ സ്ഥാപനങ്ങൾ കൂട്ടത്തോടെ പമ്പുകളിലേക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ധനക്ഷാമം ഉണ്ടാവുന്നതിനും ഇത് കാരണമായി. ഇതോടെയാണ് പുതിയ നിർദേശം. പമ്പുകളിലേക്കാൾ വിലകൂടുതലാണ് ബൾക്ക് സെയിൽ പോയിന്റുകളിലുള്ളത്.
ഡൽഹിയിൽ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന്റെ വില് 95.20 രൂപയാണ്.എന്നാൽ, വൻകിട വ്യാപാരികൾക്ക് നൽകുന്ന ബൾക്ക് വില ലിറ്ററിന് 134.50 രൂപയാണ്. ലിറ്ററിന് 39 രൂപയിലധികം രൂപയുടെ വ്യത്യാസമുണ്ട്. ഇതോടെ ടെലികോം ടവറുകൾ, ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന വൻകിട വ്യവസായങ്ങൾ എന്നിവർ ബൾക്ക് ആയി ഇന്ധനം വാങ്ങുന്നത് നിർത്തി പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയത്. ഇത് സാധാരണക്കാർക്കുള്ള ഇന്ധന വിതരണത്തെ ബാധിച്ചു എന്നാണ് കേന്ദ്രസർക്കാർ നിലപാട്.