


ന്യുഡൽഹി : ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിലെ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു. തുഗ്ലക്കാബാദിലെ പാർപ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള കെട്ടിടത്തിൽ പുലർച്ചെ 2.25-ഓടെയാണ് തീപിടുത്തമുണ്ടായതായി ഫയർഫോഴ്സിന് സന്ദേശം ലഭിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലാണ് ആദ്യം തീപിടിച്ചത്. പുക ശ്വസിച്ച് കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ എട്ട് താമസക്കാരെ രക്ഷപ്പെടുത്തി സഫ്ദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഗ്രൗണ്ട് ഫ്ലോറിലുണ്ടായ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ ഉൾപ്പെടെ അവിടെ പാർക്ക് ചെയ്തിരുന്ന ഏഴ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. പുലർച്ചെ 3.45-ഓടെ തീ നിയന്ത്രണവിധേയമാക്കാനും 4 മണിയോടെ പൂർണ്ണമായി അണയ്ക്കാനും സാധിച്ചു. ഡൽഹിയിൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. കഴിഞ്ഞ ജൂൺ 3-ന് ഹൗസ് റാണിയിലെ ഒരു ഹോട്ടലിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 23 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് പ്രകാരം, വണ്ടികൾ കത്തിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. പുക നിറഞ്ഞതോടെ താമസക്കാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി.