


കൊച്ചി : സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ നേരിട്ടു ഹാജരാകാനുള്ള സമന്‍സില്‍ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി വീണ. ഇന്നലെ രാവിലെയാണു കത്ത് ഇ-മെയിലായി ഇഡി ഓഫീസില്‍ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ.
അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകള്‍ വൈദ്യപരിശോധനാ രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ ഇ ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന് വഴി സമര്‍പ്പിക്കാമെന്നും വീണയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയില്‍ ഇഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയില്‍ നേരിട്ടു ഹാജരാകേണ്ടിവരും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് 50 പ്രകാരം സമന്‍സ് നല്കിയാല് ഇഡി ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ നിന്നു വിട്ടു നില്ക്കാന് കക്ഷികള്‍ക്ക് കഴിയില്ല. ഒരു സിവില്‍ കോടതി നല്കുന്ന സമന്‍സിനു തുല്യമായ നിയമസാധുത ഇതിനുണ്ട്.