


ബെംഗളൂരു : രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മുഖ്യ ഉപദേശകനായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഇന്‍ക്ലൂസിവ് മൈന്‍ഡ്സിന്റെ തലവനായ കനഗോലു, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മുഖ്യ ഉപദേശകനായിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയിലും തെലങ്കാനയിലും, ഇക്കൊല്ലം കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയങ്ങള്‍ക്ക് തന്ത്രം മെനഞ്ഞത് കനഗോലുവായിരുന്നു.
ഭരണ നിര്‍വഹണം, പൊതുജനസമ്പര്‍ക്കം, നയപരമായ ആശയ വിനിമയം, ഭരണപരിഷ്കാരങ്ങള്‍ എന്നിവയ്ക്കായി ശിവകുമാര്‍ കനഗോലുവിന്റെ ഉപദേശം തേടിയേക്കും. 2028ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടകയില്‍ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്റെ ഭരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്യാരണ്ടി, പേ സിഎം മുതലായ ആശയങ്ങള്‍ മുന്നോട്ടു വച്ചത് കനഗോലുവാണ്.
പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടഡബിള്‍ ഗവേണന്‍സ് എന്ന ടീമിലെ അംഗമായാണ് കനഗോലു രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 2014ല്‍ നരേന്ദ്ര മോദിക്കായുള്ള പ്രചാരണങ്ങളില്‍ സജീവമായിരുന്നു. പിന്നീട് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന് ഓഫ് ബ്രില്യന്റ് മൈന്‍ഡ് (എബിഎം) എന്ന സംഘടനയ്ക്ക് രൂപം നല്കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചു. 2022 മേയിലായിരുന്നു കനഗോലു ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിആര്‍എസ് ഭരണത്തിന് അന്ത്യം കുറിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ കനഗോലു പ്രധാന പങ്കുവഹിച്ചിരുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്ക് വേണ്ടിയും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ ‘നമുക്ക് നാമേ’ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കനഗോലു ആയിരുന്നു. 2021ല്‍ എഐഎഡിഎംകെയ്ക്ക് വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞു. ‘പേയ് സിഎം’ പോലുള്ള ശ്രദ്ധേയമായ പ്രചാരണങ്ങള്‍ ഇദ്ദേഹത്തിന്റെ ആശയമായിരുന്നു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിലും പങ്കാളിയായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കനഗോലു നിര്‍ണായക പങ്കുവഹിച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ വ്യവസായ കുടുംബത്തിലായിരുന്നു കനഗോലുവിന്റെ ജനനം. അമ്മ തെലങ്കാന സ്വദേശിയും അച്ഛന് കര്‍ണാടക സ്വദേശിയുമാണ്. നിലവില്‍ ബെംഗളൂരുവിലാണ് താമസം. സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ശൈലിയാണ് കനഗോലു പിന്തുടരുന്നത്.