

കളമശ്ശേരി : സൗത്ത് കളമശ്ശേരി–മഞ്ഞുമ്മൽ റോഡിൽ ശാന്തിനഗറിന് സമീപം പലചരക്ക് കട നടത്തുന്ന വയോധികന് കുത്തേറ്റു. കടയുടമയിൽ നിന്ന് പണവും കവർന്ന് അക്രമി രക്ഷപ്പെട്ടു . കളമശ്ശേരി എച്ച്.എം.ടി കോളനി പെരിങ്ങഴ പുത്തൻമഠത്തിൽ വീട്ടിൽ ശിവശങ്കരൻ നായർ (72) ആണ് ആക്രമണത്തിനിരയായത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
കടയിലെത്തിയ യുവാവ് ചില സാധനങ്ങൾ ആവശ്യപ്പെടുകയും ശിവശങ്കരൻ നായർ അവ എടുത്തുനൽകിയ ശേഷം പണം ആവശ്യപ്പെട്ടപ്പോൾ സാധനങ്ങൾ കവറിലാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്തിയ അക്രമി കഴുത്തിൽ ചവിട്ടിപ്പിടിച്ച ശേഷം കൈ, നെഞ്ച്, കഴുത്ത് ഭാഗങ്ങളിൽ കുത്തുകയായിരുന്നു. കത്തി പോലത്തെ നീളമുള്ള ആയുധം വെച്ചായിരുന്നു കുത്തിയത്.
തുടർന്ന് കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 5,000 രൂപയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. ശിവശങ്കരൻ നായരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി. കളമശ്ശേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ യുവാവ് മദ്യലഹരിയിലോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ ആയിരുന്നിരിക്കാമെന്ന് സംശയിക്കുന്നതായി ശിവശങ്കരൻ നായർ പറഞ്ഞു.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കരൻ നായരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പൊലീസ് പിടിയിലാണെന്ന് സൂചനയുണ്ട്.