


കൊച്ചി : കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളും കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരുമായ ആല്വിന്, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശി അക്ബറാണ് കേസിലെ ഒന്നാം പ്രതി. അക്ബറിന്റെ ബിസിനസ് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെ ചക്കാലപ്പാടം റോഡിലാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോള്‍ റോഡരികില്‍ നിന്ന യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവാക്കള്‍ പെണ്‍കുട്ടികളെ ആക്രമിച്ചു. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് തിരികെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടികള്‍. ഇവര്‍ പോകുന്ന വഴിയിലുള്ള കടയുടെ സമീപത്ത് നിന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. തടഞ്ഞു നിര്‍ത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോണ്‍ ബലമായി പിടിച്ചെടുത്ത് നിലത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കള്‍ ശ്രമിച്ചു. കഴുത്തിലും പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
ഹോസ്റ്റലിലേക്ക് ഓടിപ്പോയ പെണ്‍കുട്ടികളെ പിന്തുടരാനും പെണ്‍കുട്ടികള്‍ അടക്കമുള്ള അക്രമി സംഘം ശ്രമിച്ചു. നിരവധി ഹോസ്റ്റലുകളും പിജികളുമുള്ള മേഖലയിലാണ് അക്രമം നടന്നിട്ടുള്ളത്. മര്‍ദനമേറ്റ് പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്രമി സംഘത്തിലുള്ളവര്‍ പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.