

തിരുവനന്തപുരം : സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയതിനെക്കുറിച്ച് മാനംതുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത് പതിമൂന്നാം തവണയാണ് മുഖ്യമന്ത്രി ഈ വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്നത്.
കഴിഞ്ഞ രണ്ട് ദിവസവും മാധ്യമങ്ങൾ സമീപിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയും, മാധ്യമങ്ങളുടെ മൈക്കുകളോട് തിരിഞ്ഞുനിൽക്കുകയും ചെയ്തു. തടസ്സമില്ലാതെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് പറഞ്ഞിരുന്നതല്ലേ, ഇപ്പോൾ മാധ്യമങ്ങളെ പേടിയാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിട്ടും സതീശൻ പ്രതികരിച്ചില്ല.
മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനുപിന്നാലെയാണ് പിണറായി വിജയന്റെ വീടുകളിൽ ഇ ഡി കടന്നുകയറിയത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലുമാണ് റെയ്ഡിന് എത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സംഘം എത്തി. പിണറായിയുടെ മകൾ ടി വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലുമായുള്ള നിയമപരമായ ഇടപാടിനെ കള്ളപ്പണമെന്ന് മുദ്രകുത്തിയുള്ള ദീർഘകാല വേട്ടയാടലിന്റെ ഭാഗമാണ് റെയ്ഡ്. നേരത്തെയുള്ള അന്വേഷണങ്ങളിലൊന്നും ഇ ഡിക്ക് ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നിട്ടും ഭരണമാറ്റത്തിനു പിന്നാലെ ഇഡി കടന്നുവന്നതിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്.
റെയ്ഡിനെക്കുറിച്ച് സംസ്ഥാന പൊലീസിന് അറിയില്ലായിരുന്നു എന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.