


കണ്ണൂർ : മുൻ മുഖ്യമന്ത്രിയും സിപിഐഎം മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ പിണറായിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപ്രതീക്ഷിത റെയ്ഡ് നടത്തുന്നതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധം. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് സിപിഐഎം നേതാക്കളും പ്രവർത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തി. കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിരെയും വലിയ രീതിയിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസുമായി വലിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. നിലവിൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിതമായ സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഐഎമ്മിനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി വിഡി സതീശനും ചേർന്ന് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഇഡി എന്നത് നിലവിൽ സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് മാത്രമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ഈ ആസൂത്രിത നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പാർട്ടി ജനങ്ങളെ അണിനിരത്തി നേരിട്ട് തോൽപ്പിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. പിണറായി വിജയനെയോ സിപിഐഎമ്മിനെയോ ഇത്തരം റെയ്ഡുകൾ കാട്ടി ഭയപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ഈ വേട്ടയാടലിന് പിന്നിൽ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും സിപിഐഎം. ജനറൽ സെക്രട്ടറി എംഎ ബേബി എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു.
ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കിയതുപോലെ ഇടതുപക്ഷത്തെ തകർക്കാൻ മോദി സർക്കാർ ഏറെക്കാലമായി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് കുറ്റപ്പെടുത്തി. ആർഎസ്എസിനും ബിജെപിക്കും ഒത്താശ ചെയ്യുന്ന ആളാണ് കേരള മുഖ്യമന്ത്രി വിഡി സതീശനെന്നും വിഡി.സവർക്കറും വിഡി സതീശനും തമ്മിൽ രാഷ്ട്രീയമായി യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞദിവസം ഡൽഹിയിൽ പോയത് തന്നെ പിണറായി വിജയനെ പൂട്ടാനുള്ള ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് വേണ്ടിയാണെന്നും ഇടതുപക്ഷത്തെ നേരിടാൻ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് ഒറ്റക്കെട്ടാണെന്നും സിപിഐഎം. പിണറായി ഏരിയ സെക്രട്ടറി കെ. ശശിയും ആരോപിച്ചു. റെയ്ഡിനെതിരെ വരും മണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സിപിഐഎം തീരുമാനം.