


തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം. മുൻഗണന ക്രമത്തിൽ രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ വീടിനായി കാത്തിരിക്കുന്നുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി തകർത്താൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരിൽ യുഡിഎഫ് കത്തിച്ചാമ്പലാകുമെന്ന് മുൻ തദ്ദേശ മന്ത്രി എം.ബി രാജേഷും പ്രതികരിച്ചു.
‘അഞ്ച് ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷന്. ഒരു ലക്ഷത്തിലേറെ വിടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില് ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരും.’ സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി.
‘മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന് വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക ഏറ്റവുമധികം ആളുകള്‍ക്ക് നല്കിയതും കേരളമാണ്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 6 ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നല്‍കുന്നത്.’
‘ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആര്‍ദ്ര കേരള മിഷന് എന്നിവ പിരിച്ചുവിടാനുള്ള നീക്കം യു.ഡി.എഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്.’ കേരളം കൈവരിച്ച സാമൂഹ്യമുന്നേറ്റങ്ങളുടേയും നേട്ടങ്ങളെയുമാകെ തകിടം മറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
എം.ബി രാജേഷിന്റെ പോസ്റ്റിന്റെ പൂർണരൂപം :-
‘കേരളത്തിൻറെ ‘ലൈഫ്’ തകർക്കരുത്
ഇന്നത്തെ മനോരമ വായിച്ചപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. ആദ്യപരിഗണന എന്ത് എന്ന ചോദ്യത്തിന്, ലൈഫ് മിഷൻ ഒഴിവാക്കൽ ആണെന്ന് പുതിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പറഞ്ഞത്രെ. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കൽ അല്ല, അഞ്ച് ലക്ഷത്തോളം വീടുകൾ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കൽ ആണ് യുഡിഎഫിന്റെ മുൻഗണന. ലൈഫ് വഴി വീടുകൾ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന, മുൻഗണനാ ക്രമത്തിൽ അടുത്തത് തങ്ങളാണെന്നതിനാൽ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സർക്കാർ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരിൽ തന്നെ യുഡിഎഫ് സർക്കാർ കത്തിച്ചാമ്പലാവും.
മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളി തന്നെയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമാണ് ഹരിതകേരള മിഷൻ ആരംഭിച്ചത്. ഇതും പിരിച്ചുവിടാനാണ് നീക്കം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും, സർക്കാർ ആശുപത്രികളുടെ വികസനത്തിനായുള്ള ആർദ്രകേരള മിഷനും പിരിച്ചുവിടുന്നതിൽ ഉൾപ്പെടുന്നുണ്ടോ?
വികൃന്ദ്രീകൃത ആസൂത്രണത്തെ ലൈഫ് മിഷൻ ഉൾപ്പെടെയുള്ളവ അട്ടിമറിച്ചത്രെ. നിശ്ചിതമായ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ ക്ഷണിച്ച്, ഗ്രാമസഭകളും പഞ്ചായത്തുകളും നിശ്ചയിച്ച മുൻഗണന ക്രമം അനുസരിച്ചാണ് ലൈഫ് മിഷൻ വഴി വീടുകൾ അനുവദിക്കുന്നത്. ഇതെല്ലാം സുതാര്യമായ നടപടിയാണ്, ആർക്കും പരിശോധിക്കാൻ കഴിയുന്നതാണ്. താല്പര്യമുള്ള ആളുകൾക്ക് വളഞ്ഞ വഴിയിൽ വീട് കൊടുക്കാൻ പറ്റില്ല എന്ന് ചുരുക്കം.
മാർച്ച് ആദ്യം വരെ ലൈഫ് മിഷൻ വഴി അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക ഏറ്റവുമധികം ആളുകൾക്ക് നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. ലൈഫ് മിഷന് വേണ്ടി കേരളം ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതിൽ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്നു. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടി രൂപ കേന്ദ്രവിഹിതമാണ്. ഇത് വെറും 11.95% മാത്രമാണ്. പിഎംഎവൈ ഗ്രാമീൺ, അർബൻ വിഭാഗത്തിൽപ്പെട്ട ചുരുക്കം വീടുകൾക്കാണ് കേന്ദ്രത്തിന്റെ ഈ ചില്ലറ സഹായം ലഭിച്ചത്.
മുൻകാലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരവരുടെ തലത്തിൽ മാത്രം ഭവന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമ്പോൾ സബ്സിഡി തുക പൂർണമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. എന്നാൽ ലൈഫ് മിഷനിൽ ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന നാല് ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ വികസന ഫണ്ടിന് പുറമേ നൽകുന്ന സർക്കാരിൻറെ വിഹിതമാണ്.
രാജ്യത്തിനും ലോകത്തിനും കേരളം സമ്മാനിച്ച ഈ പുതിയ മാതൃകയെ തകർക്കലാണ് തന്റെ ഒന്നാമത്തെ ലക്ഷ്യമെന്ന് എങ്ങനെ ഒരു മന്ത്രിക്ക് പ്രഖ്യാപിക്കാനാവും? അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ്, ഇരുപത് ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാനബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്രനിർദേശം തള്ളിയാണ് കേരളം മുന്നോട്ടുപോയത്. ആത്മാഭിമാനത്തോടെ, വേർതിരിവുകളില്ലാതെ ഓരോ മനുഷ്യനും ജീവിക്കാൻ കേരളത്തിൽ സാധിക്കുന്നു. ഈ മാതൃകയാണ് അട്ടിമറിക്കാൻ യുഡിഎഫ് ലക്ഷ്യമിടുന്നത്.
യുഡിഎഫിന്റെ ഈ നീക്കത്തെ പ്രബുദ്ധകേരളം ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും.’