


ന്യൂഡല്‍ഹി : നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഡല്‍ഹിയില്‍ നടന്ന വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി യോഗത്തിലാണ് എന്‍ടിഎ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സമ്മതിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സമിതി എന്‍ടിഎയ്ക്ക് നിര്‍ദേശം നല്കി.
പാര്‍ലമെന്ററി സമിതി ചെയര്‍പേഴ്സണ്‍ ദിഗ് വിജയ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. എന്‍ടിഎ ചെയര്‍പേഴ്സണ്‍, ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി തുടങ്ങിയവരെ വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി യോഗത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ജനരോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം ചേര്‍ന്നത്.
കുറ്റമറ്റ രീതിയില്‍ പുനഃപ്പരീക്ഷ നടത്താന്‍ തീരുമാനിച്ച കാര്യവും എന്‍ടിഎ പാര്‍ലമെന്ററി സമിതിയെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 21 ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തു വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
22 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും പാര്‍ലമെന്ററി സമിതി ചെയര്മാന് ദിഗ് വിജയ് സിങ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം എന്താണ്?. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശകള്‍ എന്‍ടിഎയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും നടപ്പാക്കാത്തത് നിരാശാജനകമാണ്. രാധാകൃഷ്ണന് റിപ്പോര്‍ട്ട് എത്രത്തോളം നടപ്പാക്കി എന്നും സമിതി അന്വേഷിക്കുമെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു.