


ബെംഗളൂരു : കർണാടകയിലെ തുംകൂരുവിൽ വീണ്ടും ദുരഭിമാനക്കൊല നടത്തി പിതാവ്. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ കള്ളപ്പരാതി നൽകുകയായിരുന്നു.
ഏപ്രിൽ 16 മുതൽ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസാണ് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്ന (17) കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ മേഘ്ന പ്രണയിച്ചിരുന്നു. 18 വയസ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തയാറുമായിരുന്നു. എന്നാൽ ഈ തീരുമാനത്തോട് തിമ്മരായപ്പയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ ഏപ്രിൽ 16ന് മേഘ്നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകൾ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാൾ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു.
വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. പിന്നാലെ ഇവർ കല്ലൻപേല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ സമയമെല്ലാം തിമ്മരായപ്പയും കൂടെ ഉണ്ടായിരുന്നു. എന്നാൽ മേഘ്നയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഇയാൾ ഒളിവിൽ പോയി. ധർമസ്ഥലയിലും തിരുപ്പതിയിലും ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഇയാൾ കാണിച്ച സ്ഥലത്ത് കുഴിയെടുത്ത പോലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പ്രതിയെ റിമാൻഡ് ചെയ്തു.