


ന്യൂഡല്‍ഹി : യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയിട്ടില്ലെന്നും ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധാരണമായ നടപടികള്‍ ഉണ്ടാവുമല്ലോയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഹൈക്കന്‍മാന്‍ഡിന് എപ്പോഴും എല്ലാവരെയും വിളിക്കാം. അതിന്റെ ഭാഗമായാണ് മുന്‍പ്രസിഡന്റുമാരെ വിളിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയക്കുള്ളിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാറുള്ളത്. കോണ്‍ഗ്രസിന് ഒരുനടപടിക്രമമുണ്ട്. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. കോണ്‍ഗ്രസിന്റെ ലീഡര്‍ ആരാണ് എന്നുള്ളത് കോണ്‍ഗ്രസ് ആണ് തീരുമാനക്കുക. അതില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ല. അവരോട് അഭിപ്രായം ചോദിച്ചാല്‍ അവര്‍ക്ക് പറയാം. ഇക്കാര്യത്തില്‍ എല്ലാ ഘടകക്ഷികളോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞിട്ടുണ്ട’്.
കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയായ നടപടിയാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ ഇതിന് മുന്‍പും വന്നിട്ടുണ്ടല്ലോ?. അതൊക്കെ സാധാരണ കോണ്‍ഗ്രസ് ചരിത്രത്തിലുള്ളതാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത് മാധ്യമങ്ങളാണെന്നും ഹസ്സന് പറഞ്ഞു.
ജനവിധി മനസിലാക്കി കഴിയുന്നത്രയും വേഗം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് തിരവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കും മുന്‍പ് ഘടകക്ഷികളുടെ അഭിപ്രായം തേടും. ഇക്കാര്യത്തില്‍ ലീഗിന് അഭിപ്രായം പറയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുസ്ലീംലീഗ് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമാണ്. ഐക്യമുന്നണിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ലീഗ്. അവര്‍ അവരുടെതായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച മുന്‍ കെപിസിസി പ്രസിഡന്റുമാരുടെയും വര്‍ക്കിങ് പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.