


ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്, ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഭരണമാരംഭിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന രണ്ട് സുപ്രധാന ഫയലുകളിലാണ് അദ്ദേഹം ആദ്യമായി ഒപ്പുവെച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു
ജനങ്ങളിൽ ഒരാളായി തുടരും വിജയ്
താൻ ഒരു സാധാരണക്കാരനായി ജനങ്ങൾക്കിടയിൽ തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. താൻ ഏതെങ്കിലും രാജപരമ്പരയിൽ നിന്ന് വരുന്നവനല്ലെന്നും സാധാരണക്കാരനായ തന്നെ ജനങ്ങൾ സ്വീകരിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന വാഗ്ദാനങ്ങൾ തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും വിശപ്പിന്റെ വിലയറിഞ്ഞവനാണ് താനെന്നും വിജയ് കൂട്ടിച്ചേർത്തു. വന്നത് നിങ്ങളിലൊരാളായാണ്, വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഡിഎംകെ കടക്കെണിയിലാക്കി; ധവളപത്രം പുറത്തിറക്കും
മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് സംസ്ഥാനം ഏകദേശം 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലായതായി വിജയ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ ‘ധവളപത്രം’ പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭരണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുമെന്നും താനല്ലാതെ മറ്റ് അധികാര കേന്ദ്രങ്ങൾ സർക്കാരിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാര വികേന്ദ്രീകരണത്തേക്കാൾ ഭരണപരമായ കൃത്യതയ്ക്കായിരിക്കും പ്രാധാന്യം. പുതിയൊരു മതേതര-സാമൂഹ്യനീതി അധിഷ്ഠിത ഭരണത്തിനാണ് തുടക്കമാകുന്നതെന്ന് വിജയ് പറഞ്ഞു.
ലഹരിക്കെതിരെ പോരാട്ടം സഖ്യകക്ഷികൾക്ക് നന്ദി
സംസ്ഥാനത്ത് ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പ്രത്യേക സ്ക്വാഡുകളെ മുഖ്യമന്ത്രി നിയോഗിച്ചു. അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിച്ച അദ്ദേഹം, ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും താൻ തൊടില്ലെന്ന് ഉറപ്പുനൽകി.
സഖ്യകക്ഷികൾക്ക് നന്ദി
തന്നെ പിന്തുണച്ച കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ എന്നിവർക്ക് വിജയ് നന്ദി രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച വിജയ്, സഖ്യകക്ഷി നേതാക്കളെ പ്രത്യേകം സ്മരിച്ചു. ടിവികെയുടെ വിജയത്തിൽ കുട്ടികൾ വഹിച്ച പങ്കിനെ അദ്ദേഹം വൈകാരികമായാണ് പരാമർശിച്ചത്. കുട്ടികൾ തങ്ങളുടെ കുടുംബങ്ങളെ സ്വാധീനിച്ച് വോട്ട് ചെയ്യിപ്പിച്ചത് തന്റെ പാർട്ടിയുടെ വിജയത്തിൽ നിർണ്ണായകമായെന്നും തമിഴകത്തിന്റെ ഭാവി അവർക്കായി സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു