
തിരുവനന്തപുരം : തുടർഭരണം ആരെയും ഏകാധിപതിയാക്കുമെന്നും പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണെന്നും ഇടത് സഹയാത്രികനും മുൻ എംഎൽഎയുമായ സെബാസ്റ്റ്യന്‍ പോള്‍.
കേരളം, ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തത്തോടെ രാഷ്ട്രപതി ഡൽഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനി സ്വഭാവം പൂർണമായും എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ‘വികാരം പിണറായിവിരുദ്ധം’ എന്ന തലക്കെട്ടില്‍ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സ്റ്റാലിന്റെ മരണശേഷം നടന്ന വിപുലമായ പാർട്ടി സമ്മേളനത്തിൽ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് ക്രൂഷ്ചേവ് സംസാരിച്ചപ്പോൾ ഇതൊക്കെ സഖാവിന് അന്ന് പറയാമായിരുന്നില്ലേ എന്ന് സദസിൽ നിന്ന് ചോദ്യമുണ്ടായി. ക്രൂഷ്ചേവ് പ്രസംഗം നിർത്തി ചോദ്യം ചോദിച്ചയാളോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. ആരും എഴുന്നേറ്റില്ല. ക്രൂഷ്ചേവ് പറഞ്ഞു: ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്നം. ചില കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ പിണറായിക്ക് അനഭിമതനായ ആളാണ് ഞാൻ. പാർട്ടി സെക്രട്ടറിയായിരിക്കെ അദ്ദേഹം എന്റെ പാർലമെന്ററി ജീവിതത്തിന തിരശീലയിട്ടു’- അദ്ദേഹം എഴുതി.
രണ്ടാം പിണറായി ഭരണത്തിൽ പിണറായി ഓരോ വോട്ടർക്കും അനഭിമതനായി തീർന്നു. പിണറായിക്കെതിരെ വോട്ട് ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോൾ കപ്പൽതന്നെ മുക്കുന്നതിന് വോട്ടർമാർക്ക് ന്യായമായ കാരണമായി. ബെർമുഡയിലെ ചുഴിപോലെ ജനരോഷത്തിൽ അപ്രത്യക്ഷമാകാനുള്ളതല്ല എൽഡിഎഫ് എന്ന കപ്പൽ. ബംഗാളിൽ തുടർച്ചയായ ഭരണത്തിന്റെ തുടർച്ചയിൽ സിപിഎം കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. പിന്നീട് മമത ബാനർജിയുടെ തുടഭരണമായിരുന്നു. നാടകാന്തത്തില്‍ അധികാരം ബിജെപിയുടെ കൈയിലെത്തി.
പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നു എന്നതാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രത്യേകത. അതുണ്ടായില്ല എന്നത് പാർട്ടിയുടെ വീഴ്ചയാണ്. സംഹാരദൂതൻ കടന്നുപോയ രാത്രിയിൽ കുഞ്ഞാടിന്റെ രക്തത്താൽ അടയാളപ്പെടുത്തിയ വീടുകൾ കുറവായിരുന്നു’- ലേഖനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതി.