


കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയും പറഞ്ഞു.
ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. തൃണമൂല്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. നാനൂറില്‍ അബീര്‍ ഷെയ്ഖ് എന്ന തൃണമൂല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബിശ്വജിത്ത് പട്നായിക് ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ തൃണമൂല്‍ പ്രവര്ത്തകന്. യാദവ് ബോര് ജാദവ്, മധു മൊണ്ഡാല് എന്നീ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി പറഞ്ഞു. ഹൗറ, ബെറാംപൂര്‍ തുടങ്ങിയ നിരവധിയിടങ്ങളില്‍ തൃണമൂല്‍ ഓഫിസുകള്‍ തകര്‍ത്തു.
ഇന്നലെ കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂ മാര്‍ക്കറ്റ് യൂണിയന് ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായും തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബിജെപി കൊടികളേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് തൃണമൂലിന്റെ തൊഴിലാളി യൂണിയന്റെ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായും തകര്‍ത്തത്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് വ്യാപാരികള്‍ കടകള്‍ അടച്ച് സ്ഥലംവിട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ഇക്കുറി തൃണമൂല്‍ നേരിട്ടത്. 15 വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി വന്‍ വിജയം നേടിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റ് നേടി ഒറ്റക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. 80 സീറ്റില്‍ ജയിക്കാന്‍ മാത്രമേ തൃണമൂലിന് സാധിച്ചുള്ളൂ. 2021ല്‍ 216 സീറ്റില്‍ ജയിച്ച സ്ഥാനത്താണിത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മമത തോറ്റത് പാര്‍ട്ടിക്ക് ഇരുട്ടടിയായി. മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ തോല്‍പ്പിച്ചത്.