


കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ 23 ജില്ലകളില്‍ ഒന്‍പതിടത്ത് നിലംതൊടാതെ തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭ്രമാക്കി വലിയ തേരോട്ടമാണ് ഈ ജില്ലകളില്‍ ബിജെപി കാഴ്ചവെച്ചത്. ഈ മേഖലകളിലെ 68 സീറ്റുകളും പിടിച്ചെടുത്താണ് സംസ്ഥാനത്തെ കാവിമയമാക്കിയ ഈ ചരിത്രവിജയത്തിലേക്ക് ബിജെപി കുതിച്ചത്.
സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ വടക്കന്‍ ബംഗാളിലെ കുന്നുകള്‍ മുതല്‍ തെക്കന്‍ ബംഗാളിന്റെ മധ്യഭാഗം വരെയുള്ള ഈ ഒന്‍പത് ജില്ലകളിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനം ശരിവെക്കുന്നതായിരുന്നു. പ്രചാരണ വേളയില്‍ പല ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിയില്ലെന്ന് മോദി അവകാശവാദം ഉന്നയിച്ചിരുന്നു. 294 അംഗ നിയമസഭയില്‍ 206 സീറ്റുകള്‍ നേടി ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിനാണ് അന്ത്യമായത്. തൃണമൂല്‍ വെറും 80ലേക്കാണ് ചുരുങ്ങിയത്.
അതിനിടെ, പശ്ചിമബംഗാളിലെ ബിജെപിയുടെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പരമ്പരാഗതമായ ബംഗാളി വേഷം ധരിച്ച്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ബംഗാള്‍ ശൈലിയില്‍ വെള്ള നിറത്തിലുള്ള കുര്‍ത്തയും ചുവന്ന ബോര്‍ഡറുള്ള ടസര്‍ സില്‍ക് ദോത്തിയും ധരിച്ചാണ് മോദി എത്തിയത്.
തനി ബംഗാളി ശൈലിയില്‍ ദോത്തിയുടെ ഒരറ്റം കുര്‍ത്തയുടെ പോക്കറ്റില്‍ തിരുകിയ നിലയിലായിരുന്നു. എന്നാല്‍ വേദിയിലെ നടപ്പിനിടെ പോക്കറ്റില്‍നിന്ന് ഇത് പുറത്തെടുത്ത് കയ്യില്‍ പിടിച്ചായിരുന്നു നടപ്പ്. സംസ്ഥാനത്തിന്റെ തനതു നെയ്ത്തുകലയെ ഓര്‍മിപ്പിക്കുന്ന പരമ്പരാഗത ‘ബൂട്ടി’ ഡിസൈനിലുള്ള കോട്ടണ്‍ സ്കാര്‍ഫും അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു. വേഷവിധാനങ്ങളിലൂടെ രാഷ്ട്രീയ സന്ദേശങ്ങള്‍ നല്കാന് ശ്രദ്ധിക്കാറുള്ള മോദിയുടെ ‘ദോത്തി ലുക്ക്’, ബിജെപിയുടെ ബംഗാള്‍ വിജയത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്.
15 വര്‍ഷം നീണ്ടുനിന്ന തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ആദ്യമായി ബംഗാളില്‍ ഭരണം പിടിക്കുന്നത്. 244ല്‍ 208 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 79 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ടിടത്തും സിപിഐഎം ഒരിടത്തും വിജയിച്ചു.