

കോഴിക്കോട് : കോഴിക്കോട് സ്ട്രോങ് റൂമില്‍ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫ് ആരോപണത്തില്‍ ചട്ടലംഘനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികള്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് വരണാധികാരികളുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കമ്മീഷന് അറിയിച്ചു.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം വരണാധികാരി സംശയാസ്പദമായ രീതിയില്‍ തിടുക്കത്തില്‍ തുറന്നു എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കണ്വെന്ഷന് സെന്ററില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മെറ്റീരിയല്‍സ് റൂം തുറന്നത് കൃത്യമായ അറിയിപ്പോ അനുമതിയോ ഇല്ലാതെയെന്ന യുഡിഎഫ് വാദത്തിന്റെ കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.
റൂം തുറന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലീയയുടെ ഭര്‍ത്താവ് അഡ്വ. ഷഹസാദിന്റെ സാന്നിധ്യത്തില്‍ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. എന്‍കോര്‍ സോഫ്റ്റ്വെയര് വെരിഫിക്കേഷനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സീല്‍ ചെയ്യാത്ത മുറി സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതായാണ് റിട്ടേണിംഗ് ഓഫീസര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രാവിലെ 11.15ന് റൂം തുറന്നു എന്നും ഉച്ചയ്ക്ക് 1.45 ന് ക്ലോസ് ചെയ്തു എന്നുമാണ് റിട്ടേണിങ് ഓഫീസര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.