


ന്യൂഡല്‍ഹി : 30 ആഴ്ചക്ക് ശേഷവും ഗര്‍ഭഛിദ്രത്തിന് അനുമതി നല്കിയ സുപ്രിം കോടതി നിര്‍ദേശത്തെ അപലപിച്ച് സിബിസിഐ (കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ). പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് കൊലപാതകമാണെന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും സിബിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം. ഗര്‍ഭഛിദ്ര നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടര്‍മാരോടും സഭ അഭ്യര്‍ഥിച്ചു.
പ്രായപൂര്‍ത്തിയാകാത്ത മാതാപിതാക്കള്‍ക്ക് സഭയുടെ ആശുപത്രികള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവ വഴി സംരക്ഷണം നല്കാന് സഭ തയ്യാറാണെന്നും സര്‍ക്കാരും കോടതിയും ജനങ്ങളും അടിയന്തര ഇടപെടല്‍ നടത്തണമെന്നും സിബിസിഐ അഭ്യര്‍ഥിച്ചു.
ബലാത്സംഗത്തെ അതിജീവിതയുടെ 30 ആഴ്ച പ്രായമെത്തിയ ഗര്‍ഭം നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു. ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദേശത്തോടാണ് സിബിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
30 ആഴ്ച പ്രായമെത്തിയ ഘട്ടത്തില്‍ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണത്തെ പുറത്തെടുത്താല്‍ അമ്മയ്ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് കോടതിയുടെ തീരുമാനത്തെ എയിംസ് എതിര്‍ത്തിരുന്നു. എന്നാല്‍, ആഗ്രഹിക്കാത്ത ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.