


തിരുവനന്തപുരം : പത്തുവര്‍ഷം പവര്‍കട്ട് ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകര്‍ പറഞ്ഞത്.
‘ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെയര്മാന് ആന്‍ഡ് മാനേജ് ഡയറക്ടര്‍ ആയിട്ട് ഇരുന്ന ആളാണ്. എന്റെ അടുത്ത് ട്രാന്സ്മിഷന് ഡയറക്ടര്‍ വന്നിട്ട് ചോദിക്കും, സാറേ ഇന്ന് വൈദ്യുതിയുടെ കുറവുണ്ട് എന്ത് ചെയ്യണം എന്ന്. ആരും അറിയാത്ത രീതിയില്‍ നമുക്ക് ലോഡ് ഷെഡ്ഡിങ് ചെയ്യാം. ഞാന്‍ എത്രയോ പ്രാവശ്യം വേനല്‍ കാലത്തും അല്ലാതെയും ചെയ്തിട്ടുണ്ട്. 10 വര്‍ഷം ഒന്നും വൈദ്യുതി നിയന്ത്രണം ഇല്ല എന്നൊക്കെ പറയുന്നത് തെറ്റായിട്ടുള്ള ഒരു വ്യാഖ്യാനം ആണ്.’- ബിജു പ്രഭാകര്‍ പറഞ്ഞു. 2200 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഉണ്ടായിട്ടും അതു വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാന്‍ കെഎസ്ഇബി തയാറാകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
അതിരപ്പിള്ളി വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്നതു റിസോര്‍ട്ട് മാഫിയയാണ്. ആണവ നിലയവും കേരളത്തിന് ആവശ്യമാണ്. എന്നാല്‍ ഈ വിഷയങ്ങളില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടായില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്കു എണ്ണ പോലെയാണു കേരളത്തിലെ കരിമണല്‍, എന്നാല്‍ അത് ഉപയോഗിക്കാന്‍ ചിലര്‍ നമ്മളെ അനുവദിക്കുന്നില്ല. പുസ്തകത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി എ.ഹേമചന്ദ്രന് മുന്‍ ഡിജിപി എസ്.ആനന്ദകൃഷ്ണന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ബിജു പ്രഭാകറിന്റെ 35 വര്‍ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2018ലെ പ്രളയത്തിന്റെ കാരണം, ലോട്ടറി- എക്സൈസ്, ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകളുണ്ടായ അഴിമതി, വിവാദമായ എഐ ക്യാമറ ഇടപാട് തുടങ്ങിയവ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.