


ആലപ്പുഴ : ലഹരി കേസിൽ അകപ്പെട്ട് സിപിഐഎം പുറത്താക്കിയ ആലപ്പുഴയിലെ പ്രാദേശിക നേതാവ് എ. ഷാനവാസിനെ പാർട്ടി തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിന് നേരത്തെ ആലപ്പുഴ നഗരസഭയിൽ സിപിഐഎം സീറ്റ് നൽകിയത് വിവാദമായിരുന്നു. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാര്ഥിയായി മത്സരിച്ചത്. ഷാനവാസ് ഇപ്പോൾ ‘നല്ല കമ്യൂണിസ്റ്റാ’ണെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞിരുന്നു.
2023 ജനുവരിയിലാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു നടപടിക്ക് കാരണമായത്.
ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
വാഹനം വാടകയ്ക്ക് നൽകിയതാണെന്നും, ലഹരിക്കടത്തിൽ പങ്കില്ലെന്നുമുള്ള ഷാനവാസിന്റെ വാദം ശരിവെച്ചാണ് പൊലീസിന്റെ റിപ്പോർട്ട്. ഒരുകോടി വിലവരുന്ന നിരോധിത പുകയില ഉത്പന്ന കടത്തിൽ ഷാനവാസിന്റെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. വാഹനം വാടകയ്ക്കെടുത്തത് കട്ടപ്പന സ്വദേശി ജയനാണെങ്കിലും കടത്തിൽ ഇയാൾക്ക് പങ്കുള്ളതിനും തെളിവില്ല.
സ്വകാര്യ കേബിൾ കമ്പനി കരാറുകാരനായ ഷാനവാസ് അനധികൃത സ്വത്ത് സമ്പാദിച്ചതായി വിവരമില്ല. പൂർണമായും ഷാനവാസിനെ പിന്തുണക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ പരിശോധന തുടരുന്നതിനിടെ പൊലീസ് റിപ്പോർട്ട് പുറത്തുവന്നതും ശ്രദ്ധേയമായിരുന്നു. റിപ്പോർട്ടിന് പിന്നിൽ സിപിഐഎം ഇടപെടലെന്നാരോപിച്ച് കോൺഗ്രസ് വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
അതേസമയം പാർട്ടിയിൽ വിഭാഗീയതയെന്ന് പുകമറ സൃഷ്ടിച്ച് ലഹരിക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ഷാനവാസ് ശ്രമിക്കുന്നുവെന്ന് പാർട്ടിക്കുള്ളിൽ തന്നെ ആരോപണമുയർന്നു. രഹസ്യയോഗം ചേർന്നെന്ന ആരോപണം ഇതിന്റെ ഭാഗമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഉൾപ്പെട്ട ഔദ്യോഗിക പക്ഷത്തിന്റെ ആക്ഷേപം ഉണ്ടായിരുന്നു.
സംസ്ഥാനതല അന്വേഷണമാണ് ഷാനവാസിനെതിരെ ആദ്യഘട്ടത്തിൽ നടന്നത്. ഈ അന്വേഷണം നടത്തി എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർന്നിരുന്നു.