


ന്യൂഡല്‍ഹി : രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടില്‍ എത്തിയത്. 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം. വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഏപ്രില്‍ 13 മുതലാണ്.
വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്,ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യകത ഇനിയും വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തുടനീളം വൈദ്യുതിയുടെ ആവശ്യം ഇനിയും ഉയരുകയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തേക്കാമെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
കേരളവും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. വൈകുന്നേരങ്ങളിലെ പവര്‍ക്കെട്ടില്‍ പലയിടത്തും പ്രതിഷേധം ശക്തമായി. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും എവിടെയും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.