


ഇംഫാൽ : മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു. ഇംഫാൽ വെസ്റ്റിലും സേനാപതിയിലും ആണ് അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇരു മേഖലകളിൽ നിന്നുള്ളവർ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും ഇംഫാലിൽ വിന്യസിച്ചിരുന്നു.
ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് മണിപ്പൂർ ഗവർണർ അജയ് കുമാർ ബില്ല ആവശ്യപ്പെട്ടു. ഇംഫാൽ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.
മണിപ്പൂർ സംഘർഷത്തിൽ 58881 പേർ കുടിയിറക്കപ്പെട്ടതായും 10000 വീടുകൾ തകർന്നതായുമാണ് വിവരാവകാശ രേഖ വഴിയുള്ള വിവരം. കലാപത്തിൽ 217 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മണിപ്പൂരിലെ കോൺഗ്രസ് നേതാവ് ഹരേശ്വർ ഗോസ്വാമി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച വിവരാവകാശത്തിനുള്ള മറുപടി തിങ്കളാഴ്ചയാണ് സർക്കാർ നൽകിയത്.
മൂന്ന് വർഷമായി തുടരുന്ന മെയ്തേയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ കുടിയിറക്കപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കാണ് പുറത്താണ് വന്നത്. 2023 മെയ് മൂന്നുമുതൽ പൂർണമായും ഭാഗികമായും നശിച്ച വീടുകളുടെ ആകെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 7894 വീടുകൾ പൂർണമായി തകർന്നിട്ടുണ്ടെന്നും 2646 വീടുകൾ ഭാഗികമായി തകർന്നതായും രേഖയിൽ പറയുന്നു. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ബന്ധുക്കൾക്ക് നൽകിയ നഷ്ടപരിഹാര കണക്കുകൾ പ്രകാരം മരണങ്ങളുടെ എണ്ണം 217 ആണെന്നാണ് സർക്കാർ വ്യക്തമാക്കിയിരികുന്നത്. കലാപത്തിൽ ഇതുവരെ 260ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള സർക്കാരിന്റെ മറുപടിയിൽ നഷ്ടപരിഹാരം നൽകിയ മരണങ്ങളെക്കുറിച്ച് മാത്രമേ പരാമർശിക്കുന്നുള്ളൂ. 174 ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്നും മണിപ്പൂർ പൊലീസ് ഹൗസിങ് കോർപ്പറേഷൻ 3000 പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമിച്ചുവെന്നും സർക്കാർ കൂട്ടിച്ചേർക്കുന്നു.