

തിരുവനന്തപുരം : യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംയുമായി പിടിയിൽ. ‘തമ്പുരു വിഷ്ണു’ എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവാണ് മയക്കു മരുന്നുമായി പിടിയിലായത്.
കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളിലാണ് ഇയാൾ പ്രതിയായത്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞമാസം റിമാൻഡിൽ ആയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു എംഡിഎംഎ കച്ചവടം.
വീടിന് സമീപത്തു നിന്നാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം വിഷ്ണുവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ തമ്പുരു വിഷ്ണു പ്രതിയാണ്.