


തിരുവനന്തപുരം : കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോളിങ് കണക്കുകള്‍ പ്രസിദ്ധീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്. അന്തിമ പോളിങ് ശതമാനം ഉള്‍പ്പെടെ ഇതുവരെ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ രംഗത്തെത്തി. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്.
പോളിങ് ശതമാനം ഉള്‍പ്പെടെ പുറത്തുവിട്ട് തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു. കണക്ക് പുറത്ത് വിടാത്തതില്‍ കൃത്യമായ വിശദീകരണം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.
ഹോം, പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള അന്തിമ കണക്കുകളാണ് ഇനി വരാനുള്ളത്. ചില ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തിയവരുടെ കണക്കനുസരിച്ച് 78.27 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്.