


കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിക്കുക. ഐഎന്‍എല്‍ – സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അത് വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് സിപിഐഎം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. നിലവില്‍ ഐഎന്‍എല്ലിന്റെ സീറ്റാണ് കാസര്‍കോട്. ഷാനവാസ് പാദൂരാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് നല്കാന് തയ്യാറാണെന്ന് ഐഎന്‍എല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് കാസര്‍കോട്ടെ സീറ്റില്‍ തീരുമാനമായത്.
മുൻപ് കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോൺഗ്രസുമായി അകന്നു. പിന്നീട് രാജിവെച്ചു. തുടർന്ന് 2020-ൽ ഇടതുസ്വതന്ത്രനായി ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.
യുഡിഎഫിനായി കല്ലട മാഹിന്‍ ഹാജിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം എല്‍ അശ്വിനിയുമാണ് കാസര്‍കോട് മത്സരിക്കുന്നത്. വര്‍ഷങ്ങളായി മുസ്ലിം ലീഗിനൊപ്പം നില്ക്കുന്ന മണ്ഡലമാണ് കാസര്‍കോട്. എന്‍ എ നെല്ലിക്കുന്നാണ് 2011 മുതല്‍ കാസര്‍കോട് മണ്ഡലം എംഎല്‍എ.