


ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന. കണ്ണൂരില്‍ കെ സുധാകരന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, കെ സുധാകരന് ഇളവു നല്കാന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ സുധാകരന് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൈക്കമാന്‍ഡ് വഴങ്ങിയത്.
കെ സുധാകരന് ഇന്ന് കണ്ണൂരിലെത്തും. നാളെ സുധാകരനു വേണ്ടി കണ്ണൂരില്‍ റോഡ് ഷോ നടത്തും. എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞതോടെ, കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന് പാര്‍ട്ടി വിടുകയെന്ന നിലപാടിലേക്ക് നീങ്ങി. ഇതറിഞ്ഞ രമേശ് ചെന്നിത്തല കെ സുധാകരനുമായി ചര്‍ച്ച നടത്തി. പിന്നാലെ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടുകയും ചെയ്തു.
കെ സുധാകരന് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചാല്‍ കണ്ണൂരില്‍ മാത്രമല്ല, മലബാറിലാകെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെട്ട എ കെ ആന്റണി, സുധാകരനും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുമായും സംസാരിച്ചു. സുധാകരന് മത്സരിക്കാന്‍ അനുവദിക്കുന്നതിനെ ആന്റണിയും അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലടക്കം പാര്‍ട്ടി വളര്‍ത്താന്‍ സുധാകരന് വഹിച്ച പങ്ക് വിസ്മരിക്കരുതെന്ന് ആന്റണി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് വിട്ടു പോകാനുള്ള കെ സുധാകരന്റെ നീക്കത്തെ എതിര്‍ത്ത എ കെ ആന്റണി, സുധാകരന് പാര്‍ട്ടി വിടുന്നത് മൂന്നാമതും പിണറായി വിജയന് സര്‍ക്കാര്‍ വരുന്നതിന് വഴിയൊരുക്കലാകുമെന്ന മുന്നറിയിപ്പ് നല്കി. അതിനാല്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് സുധാകരനോടും ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് വഴങ്ങാന്‍ തീരുമാനിച്ചതോടെ, വാര്‍ത്താസമ്മേളനം വിളിക്കാനുള്ള നീക്കത്തില്‍ നിന്നും സുധാകരന് പിന്മാറി.