


തിരുവനന്തപുരം : ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഡിയെന്ന് വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നു. ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്?. ഇദ്ദേഹം സ്വാമിയാണോ, ആസ്വാമിയല്ലേ?. ഇദ്ദേഹത്തിന് എഴുതു കൊടുക്കാൻ എന്ത് അധികാരമാണുള്ളത്?. വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുള്ള സ്വാമി സച്ചിദാനന്ദയുടെ പ്രതികരണത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ രൂക്ഷവിമർശനം. ശിവഗിരി മഠത്തിൽ ഇരുന്ന് ഇങ്ങനെ ചെയ്യാമോ ?. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്. ശിവഗിരി മഠത്തിന് ശിവഗിരി മഠത്തിന്റേതായ ധർമമുണ്ട്. പ്രസിഡന്റിന് അഭിപ്രായം പറയണമെങ്കിൽ ട്രസ്റ്റ് ചേർന്ന് തീരുമാനിക്കണം. ഇദ്ദേഹം പറഞ്ഞാൽ കേരളത്തിൽ ആര് വോട്ടു ചെയ്യുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
സച്ചിദാനന്ദ 18 പേരുടെ പേര് എഴുതിക്കൊടുത്തെന്നാണ് കേൾക്കുന്നത്. എത്രപേര് സ്ഥാനാർത്ഥിയാകുമെന്ന് കാണാം. ഈ കത്തിന് രാഷ്ട്രീയക്കാർ എന്തു വില കൊടുക്കും. ഒരു അൽപ്പനെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങളാണ് സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നത്. പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന പ്രത്യേകിച്ച് ഈഴവ വിഭാഗങ്ങളിൽപ്പെടുന്ന ആൾക്കാർക്ക് പ്രാതിനിധ്യം നൽകുന്നില്ല. പരിഗണിക്കുന്നതാകട്ടെ ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളിലാണ്. അത് ഇനി ഒഴിവാക്കണമെന്ന് സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് ഈഴവ വിഭാഗത്തിൽ നിന്നും വിശ്വകർമ്മ വിഭാഗത്തിൽ നിന്നടക്കം പരിഗണിക്കണമെന്നും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സച്ചിദാനന്ദ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ശിവഗിരി മഠത്തിൽ സന്ദർശനം നടത്തിയപ്പോൾ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു കത്തും നൽകിയിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി ശിവഗിരി മഠം സ്വാഗതം ചെയ്തതിരുന്നു.
ഹൈക്കോടതി വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണ്. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന നിർദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോഴുണ്ടാകുന്ന മാറ്റം നല്ലതാണ്. എസ്എൻഡിപിയിൽ നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു.