


കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന് മണ്ഡലത്തില്‍ സജീവമാകും. സിപിഎം വിട്ട ടികെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാര്‍ത്ഥിത്വം ജില്ലയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയേക്കും.
ജനിച്ചു വളര്‍ന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വര്‍ഷം നിയമസഭയില്‍ പ്രവര്‍ത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മള് ഒറ്റക്കെട്ടായി നിന്ന് യാഥാര്‍ത്ഥ്യമാക്കി. രാജ്യത്ത് വര്‍ഗീയശക്തികള്‍ വളരുമ്പോളും കേരളമെന്നാല്‍ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി.
കീഴടക്കാന്‍ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങള്‍ നമുക്ക് മുന്നിലുണ്ട്.എക്കാലത്തും ജനങ്ങള്‍ നല്കിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കല്‍ക്കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യര്‍ത്ഥിക്കുന്നു അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.