


കൊച്ചി : സിപിഐഎമ്മിന് എതിരെ പരസ്യപോരിന് ഇറങ്ങിയ മുതിര്‍ന്ന നേതാവ് ജി സുധാകരനുമായി സഹകരിക്കുന്നതില്‍ ആശയക്കുഴപ്പം മാറാതെ കോണ്‍ഗ്രസ്. ജി സുധാകരന്റെ നിലപാടുകൾ പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കാൻ കോണ്‍ഗ്രസിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐഎമ്മിന് എതിരെ മത്സരിക്കുമെന്ന് പറയുമ്പോളും പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ലെന്നാണ് സുധാകരന്റെ നിലപാടിലാണ് കോണ്‍ഗ്രസില്‍ അതൃപ്തിയുള്ളത്.
പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകണം എന്നുള്‍പ്പെടെയുള്ള നിലപാടുകള്‍ തിരുത്താന്‍ ജി സുധാകരന് തയ്യാറാകണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത് എന്നായിരുന്നു ജി സുധാകരന് മാധ്യമങ്ങളോട് പറഞ്ഞത്.
‘ആരും നിര്‍ബന്ധിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാന്‍. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. പാര്‍ട്ടിയുടെ പരിപാടിയെയും ഭരണഘടനയെയും രേഖയെയും ആക്ഷേപിക്കാന്‍ ഇല്ല. എന്നിങ്ങനെയായിരുന്നു സുധാകരന്റെ വാക്കുകള്‍.
അതേസമയം, ജി സുധാകരനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഉറച്ചാണ് സിപിഐഎം മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ അതേ നിലയില്‍ നേരിടാനാണ് സിപിഐഎം നീക്കം. സുധാകരനെതിരെ ലക്ഷ്യമിട്ട് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇതിനോടകം പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും എന്നുള്‍പ്പെടെയുള്ള വാചകങ്ങളാണ് ബാനറിലുള്ളത്. വ്യാഴാഴ്ച ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ സുധാകരന് എതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.