


കൊല്‍ക്കത്ത : സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്നും അപമാനിച്ചെന്നുമുള്ള ബിജെപിയുടെ പ്രചാരണത്തിനെതിരെ തിരിച്ചടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024 ലെ ഒരു ചിത്രമാണ് മമത ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. രാഷ്ട്രപതി നില്ക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍ കെ അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലെ ചിത്രമാണ് മമത പുറത്തു വിട്ടത്. ചിത്രത്തില്‍ പുരസ്കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു നില്ക്കുമ്പോള്, അഡ്വാനിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും കസേരയില്‍ ഇരിക്കുകയാണ്.
‘ഈ ചിത്രം പ്രധാനമന്ത്രിക്കുള്ളതാണ്. നിങ്ങള്‍ ഒരു ആദിവാസി നേതാവിനെയും, അത് ഇന്ത്യന്‍ രാഷ്ട്രപതിയായാലും ബഹുമാനിക്കില്ല. രാഷ്ട്രപതി നില്ക്കുന്നു, പ്രധാനമന്ത്രി ഇരിക്കുന്നു.’ മമത ബാനര്‍ജി പറഞ്ഞു. ‘ഞങ്ങള്‍ രാഷ്ട്രപതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും അവര്‍ ബഹുമാനം നല്‍കുന്നില്ല എന്നതിനാലാണ് ഞാന്‍ അത് കാണിക്കുന്നത്. രാഷ്ട്രപതിയുടെ കസേരയോടും ഇന്ത്യന്‍ ഭരണഘടനയോടും ഞങ്ങള്‍ക്ക് പൂര്‍ണ്ണ ബഹുമാനമുണ്ട്. അതിനെ ഞങ്ങള്‍ അമ്മയെപ്പോലെ കണക്കാക്കുന്നു.’ മമത കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി മമത ബാനര്‍ജി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താതിരുന്നതാണ് വിവാദത്തിന് കാരണം. പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതി സംസ്ഥാനത്തെത്തുമ്പോള്‍ മുഖ്യമന്ത്രി സ്വീകരിക്കാനെത്തേണ്ടതാണ്. എന്നാല്‍ സിലിഗുഡി മേയര്‍ മാത്രമാണ് സ്വീകരിക്കാനെത്തിയത്. കൂടാതെ, രാഷ്ട്രപതി പങ്കെക്കേണ്ട അന്താരാഷ്ട്ര സാന്താള്‍ സമ്മേളന വേദി മാറ്റിയതും ദ്രൗപദി മുര്‍മുവിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെ രാഷ്ട്രപതിയെ മമതബാനര്‍ജി സര്‍ക്കാര്‍ അനാദരിച്ചെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു.